വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയിലും യുദ്ധം! പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് വാർത്ത.
എന്നാൽ, വാൻസിന് താനുമായി തത്വചിന്താപരമായി ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നു ട്രംപ് പറഞ്ഞു. വാൻസിനു യുദ്ധത്തിൽ ഉത്സാഹം കുറഞ്ഞതായിരിക്കാം.
എന്നാൽ, ഇസ്രയേലിനൊപ്പം ഇറാനിൽ വ്യോമാക്രമണം നടത്താനുള്ള തന്റെ തീരുമാനം അനിവാര്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അത് നമ്മൾ ചെയ്യേണ്ട ഒന്നാണെന്ന് എനിക്കു തോന്നി- ട്രംപ് കൂട്ടിച്ചേർത്തു. ഫ്ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇറാൻ യുദ്ധം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ആശങ്കയുയർത്തിയിട്ടുണ്ട്. 2028ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി വാൻസിന്റെ പേരാണു മുന്നിൽ നിൽക്കുന്നത്.
ട്രംപിന്റെ വിദേശ ഇടപെടലുകളേക്കാൾ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലാണു വാൻസ് മുൻതൂക്കം നൽകുന്നത്. 2023ൽ ദി വാൾ സ്ട്രീറ്റ് ജേണലിൽ വാൻസ് എഴുതിയത് ട്രംപിന് തന്റെ പിന്തുണയുണ്ട് കാരണം, അദ്ദേഹം അമേരിക്കക്കാരെ വിദേശത്തേക്കു യുദ്ധം ചെയ്യാൻ അയയ്ക്കുകയില്ലെന്ന് എനിക്കറിയാമെന്നായിരുന്നു.
ആക്രമണങ്ങളുടെ തലേന്ന്, ഇറാക്കിൽ ചെയ്തതുപോലെ യുഎസ് ഒരു നീണ്ട യുദ്ധത്തിൽ ഏർപ്പെടാൻ സാധ്യതയില്ലെന്ന് വാൻസ് ദ വാഷിംഗ്ടൺ പോസ്റ്റിനോട് പറയുകയും ചെയ്തു.